Sunday, November 17, 2013

വൈക്കത്തഷ്ടമി  2013:  ഒറ്റനോട്ടത്തില്‍ ..

കേരളത്തിലെ 12 ഗജരാജന്മാര്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പുകള്‍ അഷ്ടമി ഉത്സവത്തിന്റെ പ്രത്യേകതയാണ്. അഷ്ടമിദിനത്തില്‍ രാത്രിയില്‍ നടക്കുന്ന ദേവീദേവന്മാരുടെ എഴുന്നള്ളിപ്പുകളുടെ സംഗമത്തില്‍ പതിനഞ്ചോളം ആനകള്‍ അണിനിരക്കും. ഏഴാം ഉത്സവ ദിവസം രാത്രി 11.30 ന് നടക്കുന്ന ഋഷഭ വാഹന എഴുന്നള്ളിപ്പ്. പത്താം ഉത്സവ ദിവസം രാവിലെ നടക്കുന്ന വലിയ ശ്രീബലി 11-ആം  ഉത്സവ ദിവസം വൈകീട്ട് നടക്കുന്ന വലിയ കാഴ്ചശ്രീബലി, എന്നിവ അഷ്ടമിക്ക് പ്രൗഢിയേകുന്ന എഴുന്നള്ളിപ്പുകളാണ്. 

8-ആം  ഉത്സവ ദിവസത്തെ വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പും 9- 
ആം ഉത്സവദിവസത്തെ തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും പൗരാണികമായ ആചാരമാണ്. ഉത്സവത്തിന്റെ ഏഴാം നാള്‍ മുതല്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലുള്ള പ്രാതല്‍ ഊട്ടുപുരയില്‍ തുടങ്ങും. അഷ്ടമി ദിവസം 151 പറ അരിയുടെ പ്രാതലാണ് ഊട്ടുപുരയുടെ ഇരുനിലകളിലായി വിളമ്പുന്നത്. അഷ്ടമി പ്രാതലുണ്ണാന്‍ എത്തുന്ന ഭക്തര്‍ക്കായി ഊട്ടുപുരയോട് ചേര്‍ന്ന് വിശ്രമ പന്തലും ഒരുക്കിയിട്ടുണ്ട്. 

നവംബര്‍ 23 ന് 9 -
ആം ഉത്സവ ദിവസം രാവിലെ 8.30ന് ക്ഷേത്രനടയില്‍ തന്ത്രിമാരുടെ മുഖ്യകാര്‍മികത്വത്തില്‍ ഗജപൂജയും വൈകീട്ട് 8ന് പതിനഞ്ചോളം ആനകളെ അണിനിരത്തി തെക്കേ നടയില്‍ ആനസ്‌നേഹികളുടെ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആനയൂട്ടും ഉത്സവാഘോഷത്തിലെ ഏറെ ആകര്‍ഷകമായ ഇനമാണ്. അന്ന് വൈകീട്ട് നടക്കുന്ന കാഴ്ചശ്രീബലിക്ക് മേള ചക്രവര്‍ത്തി പെരുവനം കുട്ടന്‍മാരാരുടെയും വാദ്യകലാനിധി സദനം ദിവാകരന്‍ മാരാരുടെയും നേതൃത്വത്തില്‍ നൂറില്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന മേജര്‍സെറ്റ് പഞ്ചാരിമേളവും ഉണ്ട്. നവംബര്‍ 24 ന് പത്താം ഉത്സവ ദിവസം വലിയ ശ്രീബലിക്ക് നാദസ്വര മേളമൊരുക്കുന്നത് തിരുവിഴ ജയശങ്കറും സംഘവുമാണ്. ക്ഷേത്ര കലാപീഠം അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന 50 ലധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യവുമുണ്ട്. 

നവംബര്‍ 25 ന് പതിനൊന്നാം ഉത്സവ ദിവസം വൈകീട്ട് 7 മുതല്‍ 9 വരെ സിനിമാതാരം മഞ്ജുവാര്യരും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 

നവംബര്‍ 26 ന് പന്ത്രണ്ടാം ഉത്സവദിവസം രാത്രി 10 ന് കാഞ്ചികാമകോടി പീഠം ആസ്ഥാന വിദ്വാന്‍ ഒ.എസ്. ത്യാഗരാജന്റെ സംഗീത സദസ്സും ഉത്സവാഘോഷത്തിലെ പ്രധാന ഇനങ്ങളാണ്. 12 -ആം ഉത്സവദിവസം വൈകീട്ട് 6.30 ന് നടക്കുന്ന ഹിന്ദുമത കണ്‍വെന്‍ഷന്‍ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷനാകും. 

നവംബര്‍ 27 ന് വൈകീട്ട് 6 ന് ആറാട്ടെഴുന്നള്ളിപ്പ് പുറപ്പെടും. രാത്രി 10ന് ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പൂജ വിളക്കോടെ ഉത്സവം സമാപിക്കും

2 comments:

വിനോദ്, വൈക്കം said...

വൈക്കത്തഷ്ടമി 2013: ഒറ്റനോട്ടത്തില്‍ ..

വിനോദ്, വൈക്കം said...
This comment has been removed by the author.