Sunday, December 02, 2007

വൈക്കഷ്ടമി സമാപിച്ചു...

ഇനി നാളെ മുതല്‍ ..? ഞങ്ങള്‍ വൈക്കംകാര്‍ക്ക് എല്ലാ അഷ്ടമി കഴിയുമ്പോഴും തോന്നാറുണ്ട് പന്ത്രണ്ട് ദിവസം എത്ര വേഗം കടന്ന് പോയി എന്ന്. പിന്നെ ശബരിമലക്കാലം ആയതിനാല്‍ തിരക്കു് കുറയുകയില്ല. അല്ലെങ്കില്‍ വീട്ടില്‍നിന്ന് എല്ലാപേരും പെട്ടെന്ന് പോകുമ്പോഴുള്ള ഒരു ഫീലിംഗ് വരും.

അഷ്ടമി പ്രാതല്‍
പ്രാതല്‍ വിളമ്പാന്‍ എനിക്കും ഭാഗ്യം ലഭിച്ചിരുന്നു. 151 പറ അരിയുടെ സദ്യ ! ഉച്ചയ്ക്ക് 12.00 മണിയോടെ ആരംഭിച്ചു. വിശാലമായ ഊട്ടുപുര. മുകളിലെ നിലയിലും താഴെയുമായി ഒരു പന്തിയില്‍ 2000 ഓളം ഭക്തജനങ്ങള്‍. രാവിലെ 7.30 മുതല്‍ ക്യൂവില്‍ സ്ഥാനം പിടിച്ചിരുന്നു. വൈകിട്ട് 4.00 മണിയോട് അടുത്ത് വരെ വിളമ്പി. വൈക്കത്തപ്പന്റെ പ്രസാദം അല്പമെങ്കിലും കിട്ടുവാന്‍ അതുകഴിഞ്ഞും ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു.
വൈക്കത്തമ്പലത്തിലെ പ്രധാനവഴിപാട് ആയ എല്ലാ ദിവസവും ഉള്ള പ്രാതല്‍ നടത്തുന്നതിന് മുന്‍പ്‌ വളരെ കാലെകൂട്ടി ബുക്ക് ചെയ്യണമായിരുന്നു. നാമുദ്ദേശിക്കുന്ന ദിവസങ്ങളില്‍ ഇപ്പോള്‍ ലഭിക്കുവാന്‍ കൂടുതല്‍ പേരേ ഒന്നിച്ച് ഉള്‍പ്പെടുത്തി ബുക്കിംഗ് എടുക്കുന്നുണ്ട്. ഒരു പറയ്ക്ക് ഇപ്പോള്‍ 2300/- രൂപയാണ് ഈടാക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വൈക്കം മഹാദേവ ക്ഷേത്രം, വൈക്കം പി. ഒ., വൈക്കം. പിന്‍. 686 141.
ഫോണ്‍. 04829 215812.

അഷ്ടമി വിശേഷം

അഷ്ടമി പ്രാതലിനായി ഒരുക്കി വെച്ചിരിക്കുന്ന പച്ചക്കറികള്‍. ഞാന്‍ ക്ലിക്കിയ സമയം അവിടെ മാറിനിന്നിരുന്ന ഒരു ചേച്ചി മുന്നിലൂടെ ഓടിപ്പോയെന്ന് പിന്നീടാണ് അറിഞ്ഞത്‌.
അഷ്ടമിദിവസം നടന്ന പ്രാതല്‍ സദ്യക്കായി അരിയളക്കല്‍ ചടങ്ങ് നടത്തുന്നു. ദേവസ്വം മെംബര്‍മാരായ ശ്രീ. പി.നാരായണനും, ശ്രീമതി. സുമതിക്കുട്ടിയമ്മയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.