Sunday, November 17, 2013

വൈക്കത്തഷ്ടമി  2013:  ഒറ്റനോട്ടത്തില്‍ ..

കേരളത്തിലെ 12 ഗജരാജന്മാര്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പുകള്‍ അഷ്ടമി ഉത്സവത്തിന്റെ പ്രത്യേകതയാണ്. അഷ്ടമിദിനത്തില്‍ രാത്രിയില്‍ നടക്കുന്ന ദേവീദേവന്മാരുടെ എഴുന്നള്ളിപ്പുകളുടെ സംഗമത്തില്‍ പതിനഞ്ചോളം ആനകള്‍ അണിനിരക്കും. ഏഴാം ഉത്സവ ദിവസം രാത്രി 11.30 ന് നടക്കുന്ന ഋഷഭ വാഹന എഴുന്നള്ളിപ്പ്. പത്താം ഉത്സവ ദിവസം രാവിലെ നടക്കുന്ന വലിയ ശ്രീബലി 11-ആം  ഉത്സവ ദിവസം വൈകീട്ട് നടക്കുന്ന വലിയ കാഴ്ചശ്രീബലി, എന്നിവ അഷ്ടമിക്ക് പ്രൗഢിയേകുന്ന എഴുന്നള്ളിപ്പുകളാണ്. 

8-ആം  ഉത്സവ ദിവസത്തെ വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പും 9- 
ആം ഉത്സവദിവസത്തെ തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും പൗരാണികമായ ആചാരമാണ്. ഉത്സവത്തിന്റെ ഏഴാം നാള്‍ മുതല്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലുള്ള പ്രാതല്‍ ഊട്ടുപുരയില്‍ തുടങ്ങും. അഷ്ടമി ദിവസം 151 പറ അരിയുടെ പ്രാതലാണ് ഊട്ടുപുരയുടെ ഇരുനിലകളിലായി വിളമ്പുന്നത്. അഷ്ടമി പ്രാതലുണ്ണാന്‍ എത്തുന്ന ഭക്തര്‍ക്കായി ഊട്ടുപുരയോട് ചേര്‍ന്ന് വിശ്രമ പന്തലും ഒരുക്കിയിട്ടുണ്ട്. 

നവംബര്‍ 23 ന് 9 -
ആം ഉത്സവ ദിവസം രാവിലെ 8.30ന് ക്ഷേത്രനടയില്‍ തന്ത്രിമാരുടെ മുഖ്യകാര്‍മികത്വത്തില്‍ ഗജപൂജയും വൈകീട്ട് 8ന് പതിനഞ്ചോളം ആനകളെ അണിനിരത്തി തെക്കേ നടയില്‍ ആനസ്‌നേഹികളുടെ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആനയൂട്ടും ഉത്സവാഘോഷത്തിലെ ഏറെ ആകര്‍ഷകമായ ഇനമാണ്. അന്ന് വൈകീട്ട് നടക്കുന്ന കാഴ്ചശ്രീബലിക്ക് മേള ചക്രവര്‍ത്തി പെരുവനം കുട്ടന്‍മാരാരുടെയും വാദ്യകലാനിധി സദനം ദിവാകരന്‍ മാരാരുടെയും നേതൃത്വത്തില്‍ നൂറില്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന മേജര്‍സെറ്റ് പഞ്ചാരിമേളവും ഉണ്ട്. നവംബര്‍ 24 ന് പത്താം ഉത്സവ ദിവസം വലിയ ശ്രീബലിക്ക് നാദസ്വര മേളമൊരുക്കുന്നത് തിരുവിഴ ജയശങ്കറും സംഘവുമാണ്. ക്ഷേത്ര കലാപീഠം അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന 50 ലധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യവുമുണ്ട്. 

നവംബര്‍ 25 ന് പതിനൊന്നാം ഉത്സവ ദിവസം വൈകീട്ട് 7 മുതല്‍ 9 വരെ സിനിമാതാരം മഞ്ജുവാര്യരും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 

നവംബര്‍ 26 ന് പന്ത്രണ്ടാം ഉത്സവദിവസം രാത്രി 10 ന് കാഞ്ചികാമകോടി പീഠം ആസ്ഥാന വിദ്വാന്‍ ഒ.എസ്. ത്യാഗരാജന്റെ സംഗീത സദസ്സും ഉത്സവാഘോഷത്തിലെ പ്രധാന ഇനങ്ങളാണ്. 12 -ആം ഉത്സവദിവസം വൈകീട്ട് 6.30 ന് നടക്കുന്ന ഹിന്ദുമത കണ്‍വെന്‍ഷന്‍ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷനാകും. 

നവംബര്‍ 27 ന് വൈകീട്ട് 6 ന് ആറാട്ടെഴുന്നള്ളിപ്പ് പുറപ്പെടും. രാത്രി 10ന് ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പൂജ വിളക്കോടെ ഉത്സവം സമാപിക്കും

Tuesday, April 16, 2013

വീണ്ടും സജീവമാകുവാന്‍ മോഹം ....

അഞ്ച് വര്‍ഷമായി ഇതിലെന്തെങ്കിലും പോസ്റ്റ്‌ ചെയ്തിട്ട്.
വീണ്ടും ഒരു അഷ്ടമി കൂടി വന്നിരിക്കുന്നു.  സാധിക്കുമോ എന്നറിയില്ല  കുറെ വിശേഷങ്ങള്‍ ഇവിടെ പങ്ക് വയ്ക്കാന്‍ ശ്രമിക്കുന്നു.

Sunday, December 02, 2007

വൈക്കഷ്ടമി സമാപിച്ചു...

ഇനി നാളെ മുതല്‍ ..? ഞങ്ങള്‍ വൈക്കംകാര്‍ക്ക് എല്ലാ അഷ്ടമി കഴിയുമ്പോഴും തോന്നാറുണ്ട് പന്ത്രണ്ട് ദിവസം എത്ര വേഗം കടന്ന് പോയി എന്ന്. പിന്നെ ശബരിമലക്കാലം ആയതിനാല്‍ തിരക്കു് കുറയുകയില്ല. അല്ലെങ്കില്‍ വീട്ടില്‍നിന്ന് എല്ലാപേരും പെട്ടെന്ന് പോകുമ്പോഴുള്ള ഒരു ഫീലിംഗ് വരും.

അഷ്ടമി പ്രാതല്‍
പ്രാതല്‍ വിളമ്പാന്‍ എനിക്കും ഭാഗ്യം ലഭിച്ചിരുന്നു. 151 പറ അരിയുടെ സദ്യ ! ഉച്ചയ്ക്ക് 12.00 മണിയോടെ ആരംഭിച്ചു. വിശാലമായ ഊട്ടുപുര. മുകളിലെ നിലയിലും താഴെയുമായി ഒരു പന്തിയില്‍ 2000 ഓളം ഭക്തജനങ്ങള്‍. രാവിലെ 7.30 മുതല്‍ ക്യൂവില്‍ സ്ഥാനം പിടിച്ചിരുന്നു. വൈകിട്ട് 4.00 മണിയോട് അടുത്ത് വരെ വിളമ്പി. വൈക്കത്തപ്പന്റെ പ്രസാദം അല്പമെങ്കിലും കിട്ടുവാന്‍ അതുകഴിഞ്ഞും ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു.
വൈക്കത്തമ്പലത്തിലെ പ്രധാനവഴിപാട് ആയ എല്ലാ ദിവസവും ഉള്ള പ്രാതല്‍ നടത്തുന്നതിന് മുന്‍പ്‌ വളരെ കാലെകൂട്ടി ബുക്ക് ചെയ്യണമായിരുന്നു. നാമുദ്ദേശിക്കുന്ന ദിവസങ്ങളില്‍ ഇപ്പോള്‍ ലഭിക്കുവാന്‍ കൂടുതല്‍ പേരേ ഒന്നിച്ച് ഉള്‍പ്പെടുത്തി ബുക്കിംഗ് എടുക്കുന്നുണ്ട്. ഒരു പറയ്ക്ക് ഇപ്പോള്‍ 2300/- രൂപയാണ് ഈടാക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വൈക്കം മഹാദേവ ക്ഷേത്രം, വൈക്കം പി. ഒ., വൈക്കം. പിന്‍. 686 141.
ഫോണ്‍. 04829 215812.

അഷ്ടമി വിശേഷം

അഷ്ടമി പ്രാതലിനായി ഒരുക്കി വെച്ചിരിക്കുന്ന പച്ചക്കറികള്‍. ഞാന്‍ ക്ലിക്കിയ സമയം അവിടെ മാറിനിന്നിരുന്ന ഒരു ചേച്ചി മുന്നിലൂടെ ഓടിപ്പോയെന്ന് പിന്നീടാണ് അറിഞ്ഞത്‌.
അഷ്ടമിദിവസം നടന്ന പ്രാതല്‍ സദ്യക്കായി അരിയളക്കല്‍ ചടങ്ങ് നടത്തുന്നു. ദേവസ്വം മെംബര്‍മാരായ ശ്രീ. പി.നാരായണനും, ശ്രീമതി. സുമതിക്കുട്ടിയമ്മയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Friday, November 30, 2007

വൈക്കത്തഷ്ടമി വിശേഷം

ആനകള്‍ ദയവായി ക്ഷമിക്കുമല്ലോ? അല്പം തിരക്കു കുറവ് ഇവിടെ മാത്രമേ കണ്ടള്ളൂ.... ചെറുപ്പത്തിലെ കേട്ട് പഴകിയ ചൊല്ലാരിക്കും കാരണം.... “ആന ഓടുവാണേ പിന്നോട്ടാരിക്കും..”


ഇന്നു് 11-ആം ഉത്സവം. വൈകിട്ട് നടന്ന കാഴ്ച്ച ശ്രീബലിയില്‍ നിന്ന്.










നാളെ പുലര്‍ച്ചെ 4.30 മുതല്‍ ആണ് അഷ്ടമി ദര്‍ശനം. നാനാ ദേശത്തുനിന്നുള്ള ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു. പകല്‍ മുഴുവന്‍ നല്ല ചൂട് അതു് തണുപ്പിക്കാനായെന്ന പോലെ രാത്രി 8.00 മണിയോടെ തകര്‍ത്ത് ഒരു മഴ പെയ്തു. ആ സമയം അഷ്ടമിപ്രാതലിന് അരിയളക്കല്‍ ചടങ്ങ് അകത്ത് നടക്കുകയായിരുന്നു. [ വൈക്കം ക്ഷേത്രത്തിലെ ഏറ്റവും ശ്രേഷ്ടമായ വഴിപാട് ആണ് പ്രാതല്‍ അഥവാ അന്നദാനം, എന്നാല്‍ അഷ്ടമി ദിവസം ദേവസ്വം ചിലവിലാണ് പ്രാതല്‍ നടക്കുന്നത്‌. ഇത്തവണ 151 പറ അരിയുടെതാണ് പ്രാതല്‍ സദ്യ.]


Thursday, November 29, 2007

അഷ്ടമി വിശേഷം....

പ്രദിക്ഷിണ വഴിയിലൂടെ.........

തെക്കുഭാഗത്തു പനഞ്ചിക്കല്‍ ഭഗവതിയും സര്‍പ്പത്താന്മാരുമാണ് ഇവിടെയുള്ള ഉപദേവതകള്‍.

അഷ്ടമി വിശേഷം




കണ്ണൊന്നും മഞ്ഞളിക്കേണ്ട.... 916 സ്വര്‍ണ്ണാ......
തിരുനക്കര ശിവന്‍ പുതിയ മാലയും ലോക്കറ്റുമായി

Tuesday, November 27, 2007

എട്ടാം ഉത്സവം ഒന്‍പത് ആനകള്‍ ...

വൈകിട്ടത്തെ കാഴ്ച്ച ശ്രീബലിയില്‍ ശ്രീ വൈക്കം ഷാജി & പാര്‍ട്ടിയുടെ നാദസ്വരവും മേജര്‍സെറ്റ് പഞ്ചവാദ്യവും ഉണ്ടായിരുന്നു.

(ഒരു വീഡിയോ അപ്ലോഡ് ചെയ്യല്‍ പൊളിഞ്ഞു പോയി.. ക്ഷമി..)


എട്ടും ഒന്‍പതും ദിവസങ്ങളില്‍ കഥകളി വിള്‍ക്കു തെളിയുന്ന രാത്രികള്‍..
ഇന്ന് കഥകള്‍: 1. കചദേവയാനി 2. ബാലിവിജയം (കമലദളത്തോടു കൂടി)
28.11.07 നാളെ രാത്രി 11.00 മുതല്‍ 1. ഉത്തരാസ്വയംവരവും 2. കിരാതവും

Sunday, November 18, 2007

വൈക്കത്തഷ്ടമി 2007

വൃശ്ചികത്തിലെ കുളിരും പാലപ്പൂമണവുമായി ഈ വര്‍ഷത്തെ അഷ്ടമിയും ഇതാ എത്തി.
നവംബര്‍ 19 ന് വൈകിട്ട് വൈക്കത്തെ ആറ് എന്‍. എസ്സ്. എസ്സ്. കരയോഗങ്ങളും കൂടി സംയുക്തമായി നടത്തുന്ന കുലവാഴ പുറപ്പാട് ഇത്തവണ ആതിഥേയരായ 1573 ആറാട്ടുകുളങ്ങര ചീരംകുന്നമ്പുറം ശ്രീ കൃഷ്ണക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.
നവംബര്‍ 20 നു് വൈക്കത്തഷ്ടമി കൊടി കയറും. പിന്നീട് ഭക്തിയും സംഗീതവും നൃത്തവും കഥകളിയും സമ്മേളിക്കുന്ന രാവുകള്‍.. ഡിസംബര്‍ 1 ന് ശനിയാഴ്ച്ച രാവിലെ 4.00 മുതല്‍ അഷ്ടമി ദര്‍ശനം.
പ്രിയരെ ഈ അഷ്ടടമിക്ക് നാട്ടില്‍ എത്തിച്ചേരാന്‍‍ കഴിയാത്തവര്‍ക്കായി ഞാന്‍ ഇനിയുള്ള കുറച്ച് അഷ്ടമി പോസ്റ്റുകള്‍ സമര്‍പ്പിക്കുന്നു.